മുംബൈ: രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് ആശങ്കയേകി എയർ ഇന്ത്യയുടെ നഷ്ടം വർധിക്കുന്നു. കന്പനി ഈ സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്ന നഷ്ടം 15,000 കോടി രൂപയ്ക്കു മുകളിലാണെന്നാണു റിപ്പോര്‍ട്ട്.
അഹമ്മദാബാദ് വിമാനദുരന്തവും ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളും ഇന്ത്യ-പാക് യുദ്ധത്തെത്തുടര്‍ന്ന് വ്യോമപാത അടച്ചതുമെല്ലാം എയര്‍ ഇന്ത്യയെ വലിയതോതില്‍ ബാധിച്ചു. ടാറ്റ ഗ്രൂപ്പും സിംഗപ്പുര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് എയര്‍ ഇന്ത്യയെ ഏറ്റെടുത്തശേഷമുള്ള ഏറ്റവും വലിയ നഷ്ടക്കണക്കാകുമിത്.
ഈ സാമ്പത്തികവര്‍ഷം പ്രവര്‍ത്തനലാഭത്തിലേക്ക് എത്തുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. അപ്രതീക്ഷിത സംഭവങ്ങള്‍ പിടിച്ചുകുലുക്കിയതാണ് പ്രതീക്ഷകള്‍ തകിടം മറിക്കാനിടയാക്കിയത്.
സംഘര്‍ഷത്തെത്തുടര്‍ന്ന് പാക്കിസ്ഥാന് വ്യോമപാത അടച്ചത് ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രാദൂരം വര്‍ധിപ്പിച്ചു. യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രാസമയം വര്‍ധിച്ചത് ചെലവ് കുത്തനേ വർധിക്കുന്നതിനിടയാക്കി.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നാംവര്‍ഷത്തില്‍ മാത്രമേ കമ്പനി ലാഭത്തിലെത്തുകയുള്ളൂവെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. ഇതുസംബന്ധിച്ച് മാനേജ്മെന്റ് സമര്‍പ്പിച്ച അഞ്ചു വര്‍ഷ പ്ലാന്‍ ഡയറക്ടര്‍ ബോര്‍ഡ് മടക്കിയിട്ടുണ്ട്. കൂടുതല്‍ വേഗത്തില്‍ ലാഭത്തിലെത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ മാനേജ്മെന്റിന് നിര്‍ദേശം നൽകുകയും ചെയ്തു.
കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് എയര്‍ ഇന്ത്യ നേരിടേണ്ടിവന്ന നഷ്ടം 32,210 കോടി രൂപയാണ്. നഷ്ടം കുമിഞ്ഞുകൂടുന്നത് ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല പങ്കാളികളായ സിംഗപ്പുര്‍ എയര്‍ലൈന്‍സിനെയും ബാധിക്കുന്നുണ്ട്. സംയുക്തസംരംഭത്തില്‍ 25.1 ശതമാനം ഓഹരിപങ്കാളിത്തം സിംഗപ്പുര്‍ എയര്‍ലൈന്‍സിനുണ്ട്. സിഇഒ സ്ഥാനത്ത് കാംപെല്‍ വില്‍സനു പകരക്കാരനായുള്ള അന്വേഷണവും ഇതുവരെ ഫലം കണ്ടിട്ടില്ല.
ഇൻഡിഗോയ്ക്കും തിരിച്ചടി
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവിസ് കമ്പനിയായ ഇൻഡിഗോയുടെ ലാഭത്തിലും കനത്ത ഇടിവ്. ഡിസംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 77.5 ശതമാനത്തിന്റെ ഇടിവാണു രേഖപ്പെടുത്തിയത്. 549.8 കോടി രൂപയിലേക്ക് ലാഭം കൂപ്പുകുത്തി. കഴിഞ്ഞ സാമ്പത്തികവർഷം സമാന കാലയളവിൽ 2448.8 കോടി രൂപയുടെ ലാഭം നേടിയിരുന്നു.
നൂറുകണക്കിന് വിമാനസർവിസുകൾ റദ്ദാക്കിയതും പുതിയ തൊഴിൽ നിയമം നടപ്പാക്കിയതുമാണ് ലാഭം കുറയാൻ കാരണമെന്ന് ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് എവിയേഷൻ അറിയിച്ചു. 1,546.5 കോടി രൂപയുടെ ഈ അസാധാരണ ചെലവുകൾ ഇല്ലായിരുന്നെങ്കിൽ അറ്റാദായം 2,096.3 കോടി രൂപയാകുമായിരുന്നെന്നും കമ്പനി അറിയിച്ചു. അതേസമയം ഈ സാന്പത്തികവർഷം ലാഭം പ്രതീക്ഷിച്ചതിലും ഉയരുമെന്നും കന്പനി പ്രതീക്ഷിക്കുന്നു.